Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.13

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.13
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)
കുട്ടികള്‍ മുറ്റത്തെ മാവില്‍ കയറുന്നുണ്ടല്ലോ . പെരുമ്പറയുടെ ശബ്ദം കേട്ട് ലക്ഷ്മണന്‍ മരത്തിന്‍റെ മുകളില്‍ കയറിനോക്കിയെന്ന് ഇന്നലെ പറഞ്ഞതേയുള്ളു . പെരുമ്പറയുംകൊട്ടി പെരുമ്പട വരുന്നത് നോക്കുകയാകുമോ ? രാമാ ! കഥകേട്ടുകേട്ട് വട്ടായോ? എന്തായാലും മുറ്റത്തിറങ്ങിനോക്കുകതന്നെ .
"എന്താ അവിടെ?"
"മുത്തച്ഛാ ,ആ വടക്കോട്ടുപോയ ചില്ലയില്‍ ഒരു കിളിക്കൂടുണ്ട് . അതില്‍ ചെറിയ കുഞ്ഞുങ്ങളുണ്ട് ."
"അവര്‍ നന്നായി വളരട്ടെ . അവരെ വെറുതേ വിടൂ. തള്ളപ്പക്ഷി വരുമ്പോള്‍ നിങ്ങള്‍ ശല്യപ്പെടുത്താന്‍ വരികയാണെന്നുകരുതി തലയിലോമറ്റോ കൊത്താന്‍ തുടങ്ങിയാല്‍ എളുപ്പവഴിയില്‍ താഴെ എത്തും. അതുമാത്രമല്ലാ നിങ്ങള്‍ കയറുമ്പോള്‍ ചില്ല കുലുങ്ങിയാല്‍ കൂടെങ്ങാന്‍ താഴെവീണാലോ . "
"എന്നാല്‍ ഞങ്ങള്‍ കയറുന്നില്ല മുത്തച്ഛാ . ഇതാ വരുന്നു"
"ഇന്ന് നിങ്ങള്‍ നാലുപേര്‍ മാത്രമേയുള്ളൂ ?"
"അതേ , രണ്ടുദിവസം മുടക്കമായതിനാല്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് പോയി ."
"എന്നാല്‍ നമുക്ക് തുടങ്ങാം, അല്ലേ മുത്തച്ഛാ"
"തുടങ്ങാം. മുനിമാര്‍ അങ്ങുമിങ്ങും നിന്ന് അടക്കംപറയുന്നു . അവര്‍ തന്നെനോക്കിയാണ് പറയുന്നതെന്ന് രാമന് സംശയം. തന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുപറ്റിയോ, അതോ ലക്ഷ്മണന്‍റെ മനസ്സ് കലുഷിതമായിരിക്കയാല്‍ മര്യാദവിട്ട് എന്തെങ്കിലും ചെയ്തുവോ, അല്ലെങ്കില്‍ സീത മഹര്‍ഷിമാരെ ശുശ്രൂഷിക്കുന്നതില്‍ എന്തെങ്കിലും അലംഭാവം കാണിച്ചുവോ എന്നൊക്കെയായിരുന്നു രാമന്‍റെ ആശങ്ക. അത് മുനിമാരോട് ചോദിക്കുകയും ചെയ്തു."
"അങ്ങനെയാണെങ്കില്‍ മുനിമാരുടെ സ്വകാര്യം പറച്ചിലല്ലല്ലോ ഉണ്ടാകുക."
"അതേ മുത്തച്ഛാ, ഇഷ്ടപ്പെടാത്തതു കണ്ടാല്‍ ശപിക്കുകയാണല്ലോ അവരുടെ ജോലി."
"ഇതുകുടിച്ചിട്ടാകാം ഇനിയുള്ള കഥ."
കുട്ടികള്‍ക്ക് കുടിക്കാന്‍ കാപ്പി കൊണ്ടുവന്നതാണ് സധര്‍മ്മചാരിണി . കൂട്ടത്തില്‍ തിളച്ച പാലില്‍ മഞ്ഞള്‍പ്പൊടിയിട്ട് നന്നായി ഇളക്കിച്ചേര്‍ത്തതുമുണ്ട്. . രണ്ടുദിവസമായി കഫശല്യമുണ്ട്.
"നിശിചരരുടെ ഭയം നിമിത്തമായ്
വശികളാം മുനി ജനങ്ങൾ വന്നിങ്ങു
ദിശിദിശിതോറുമിരുന്നുതങ്ങളിൽ
കൃശതയോടേവം പറയുന്നു മെല്ലെ
ദശകണ്ഠൻ തന്റെയനുജനായൊരു
നിശാചരമുണ്ടു ഖരനെന്നുപേരായ്
ജനസ്ഥാനമിതിലിരുന്നുമാമുനി
ജനങ്ങളെയെല്ലാമുപദ്രവിക്കുന്നു
മനുജന്മാരെയും കുലചെയ്തുതിന്നു
വനമിതിൽ തന്നെ നടക്കുന്നിപ്പൊഴും
രഘുവര! നിങ്ങളിതിലിരുന്നതു
ഖരാശരനേതും പൊറുക്കുന്നില്ലിപ്പോൾ
ഭവാനടവിയിൽ പ്രവേശിച്ചമുതൽ
പലലാശൻ ഹന്തിമുനിജനങ്ങളെ
ഒരിക്കൽ ഭീഭത്സാകൃതികളായ്‌വരു-മൊരിക്കലുഗ്രരൂപികളായുംവരും
വരുത്തിടുമവസരമായെമുനി-ജനത്തിനുകഷ്ടതരാശുചിതന്നെ
ചിലമുനികളെ വിലോകിച്ചപ്പോഴേ
കുലചെയ്തീടുവോർ നിശാചരവീരർ
മുനിവരാശ്രമമതിലതിലെല്ലാം
മുനികളാരുമേയറിയാതെനിന്നു
പലതും പീഡകൾ വരുത്തിയെല്ലാർക്കും
പലലാശിവീരൻ രമിക്കുന്നിങ്ങിനെ "
"ഇതെന്താ മുത്തച്ഛാ?"
"ഇതായിരുന്നു മുനിമാര്‍ പറഞ്ഞ മറുപടി."
"എന്താ ഇതിന്‍റെ അര്‍ത്ഥം?"
അത് നിങ്ങള്‍ കണ്ടെത്തുക . ഒരഞ്ചുമിനിറ്റ് വിശ്രമം".
വിസ്തരിച്ചൊന്നുമുറുക്കാനിരുന്നപ്പോള്‍ കുട്ടികളുടെ കഥകളിമുദ്രകള്‍ തുടങ്ങി. അത് മുത്തശ്ശിക്ക് കൈമാറാനുമവര്‍ മറന്നില്ല. ഞാന്‍ കേള്‍ക്കുകയും വേണം എന്നാല്‍ കേള്‍ക്കത്തക്കവിധം പറഞ്ഞുവെന്ന് വരികയുമരുത് എന്ന ഭാവത്തില്‍ ദ്വിതീയാശ്രീ വചനമബ്രവീത്. "എന്‍റെ മക്കളേ , അത് എന്നെക്കൊണ്ടു പറയിക്കാനുള്ള സൂത്രമല്ലേ . മടിയുടെ കാര്യത്തിലാണോ നിങ്ങളുടെ മുത്തച്ഛന്‍ പീയെഛ്ഡി എടുത്തതെന്ന് എനിക്ക് സംശയമുണ്ട് . "
"മുത്തശ്ശിതന്നെ പറഞ്ഞാല്‍ മതി."
"ലങ്കാരാജാവായ രാവണന് അനുജനായി ഖരന്‍ എന്നൊരു രാക്ഷസനുണ്ട് . അവന്‍ മുനിജനങ്ങളെ അടിച്ചോടിക്കുന്നു . മനുഷ്യരെ പിടിച്ചുതിന്നുന്നുമുണ്ട് . അശുദ്ധവസ്തുക്കള്‍ ഹോമകുണ്ഡത്തിലിട്ട് ഹോമത്തിന് ഭംഗം വരുത്തുന്നു . രാമാ , അങ്ങ് ഈ കാട്ടില്‍ വന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവര്‍ അങ്ങയെ വിലവയ്ക്കില്ല. അങ്ങേക്ക് അവരെ നേരിടാന്‍ കഴിവില്ലെന്നല്ല , സഹധര്‍മ്മിണിയോടുകൂടി താമസിക്കുന്ന അങ്ങയെ അവമാനിച്ചാല്‍ അത് ദേവിക്ക് മനോവേദനയുണ്ടാക്കും . ഞങ്ങള്‍ ഈ സ്ഥലം വിട്ടുപോകുന്നു. അങ്ങേക്ക് സമ്മതമാണെങ്കില്‍ ഞങ്ങളോടൊപ്പം വരാം. ഇതാണവര്‍ പറഞ്ഞത്."
" രാമന്‍ അവരോടൊപ്പം പോയോ, മുത്തശ്ശീ?"
"രാമനെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത ചില മഹര്‍ഷിമാര്‍ രാമനോടൊപ്പം അവിടെ തങ്ങി. മറ്റുള്ളവര്‍ ആശ്രമം വിട്ടുപോയി. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ രാമന് മഹര്‍ഷിമാരില്ലാത്ത ആശ്രമം അസഹ്യമായിത്തോന്നി . തന്നെയുമല്ല , ബന്ധുക്കളെയും പ്രജകളെയും വീണ്ടും കണ്ടുമുട്ടിയ സ്ഥലത്ത് താമസിച്ചാല്‍ ഓര്‍മ്മകള്‍ അലട്ടുമെന്ന ഭയവുമുണ്ടായിരുന്നു. അതുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ശ്രീരാമന്‍ തീരുമാനിച്ചു"
"എവിടേക്കാണ് അവര്‍ പോയത്?"
"സപ്തര്‍ഷികള്‍ എന്നുകേട്ടിട്ടുണ്ടോ ?"
"അത് മുമ്പൊരിക്കല്‍ മുത്തച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. മരീചി, അത്രി, അംഗിരസ്സ് , പുലഹന്‍ , പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരല്ലേ ?"
"അതേ , അവരില്‍ ഒരാളായ അത്രിമഹര്‍ഷിയുടെ ആശ്രമത്തിലേക്കാണ് അവര്‍ പോയത് . അത്രിമഹര്‍ഷിയുടെ ഭാര്യ വളരെ പേരുകേട്ട തപസ്വിനിയാണ്‍. ആരാണെന്നുപറയാമോ ?"
"അത് എനിക്കറിയാം, മുത്തശ്ശീ. അനസൂയയല്ലേ ?" ഗായത്രി ചാടിക്കയറി പറഞ്ഞു . ''
"അതേ, പതിവ്രതാരത്നമായ അവരെക്കുറിച്ച് ധാരാളം കഥകളുണ്ട്."
"അതുപറഞ്ഞുതരാമോ മുത്തശ്ശീ?''
"ദേ, മുത്തച്ഛന്‍ വരുന്നു. ഇനി ഞാനിവിടെ നിന്നാല്‍ ശരിയാകില്ല. "
"മുത്തച്ഛാ..."
"! എല്ലാം കേട്ടു . അനസൂയയുടെ കഥ ഞാന്‍ കുറച്ചുകഴിഞ്ഞ് പറഞ്ഞുതരാം . രാമനെ നമ്മള്‍ ആശ്രമകവാടത്തില്‍ നിറുത്തിയിരിക്കുകയല്ലേ ?"
" ശരിയാണ് . രാമനെ പിന്തുടരാം."
" അത്രിമഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച് അനസൂയ സീതയെ കൂട്ടിക്കൊണ്ടുപോയി . അനസൂയയുടെ തപശ്ശക്തികൊണ്ട് നേടിയ ദിവ്യമായ മാലയും വസ്ത്രവും അംഗരാഗവും സീതയ്ക്ക് സമ്മാനിച്ചു . സീതയോട് സ്വയം‍വരത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു . "
"എന്താണ് മുത്തച്ഛാ അംഗരാഗം ?"
"അത് ശരീരത്തില്‍ പൂശുന്ന ഒരു സുഗന്ധലേപമാണ് . ഐശ്വര്യം വര്‍ദ്ധിക്കുമത്രേ ! അവര്‍ അന്ന് മഹര്‍ഷിയുടെ സല്‍ക്കാരം സ്വീകരിച്ച് അവിടെ താമസിച്ചു. അടുത്ത ദിവസം അവര്‍ അവിടെനിന്നും വിടവാങ്ങി."
"അവിടുന്ന് അവര്‍ എവിടേക്കാണ് പോയത് ?"
" ധാരാളം മഹര്‍ഷിമാര്‍ യജ്ഞഹോമാദികളുമായി കഴിയുന്ന ദണ്ഡകാരണ്യത്തിലേക്കാണവര്‍ പോയത് . ഫലമൂലാദികള്‍ക്കൊണ്ട് അവരെ സല്‍ക്കരിച്ച മഹര്‍ഷിമാര്‍ അവര്‍ക്ക് പര്‍ണ്ണശാലയൊരുക്കിക്കൊടുത്തു . അടുത്തപ്രഭാതത്തില്‍ അവര്‍ കൂടുതല്‍ ഇടതൂര്‍ന്ന വനത്തില്‍ പ്രവേശിച്ചു ."
"അവിടെ ക്രൂരജന്തുക്കളുണ്ടാകില്ലേ ?"
"നിബിഡവനമല്ലേ ? എല്ലാ തരം ക്രൂരജന്തുക്കളുമുണ്ടാകും . അതിലും ഭീകരനായ രാക്ഷസനാണ് അവരുടെ മുന്നിലേക്ക് ചാടിവീണത്. "
"അതാരായിരുന്നു ?"
"അതുപറഞ്ഞാല്‍ ഇന്നുതീരില്ല . നാളെയാകട്ടെ ! "
"മുത്തച്ഛന്‍ ഒരു കാര്യം മറന്നു."
"മറന്നിട്ടില്ല . അനസൂയ , അല്ലേ . പറയാം."
"ദക്ഷപ്രജാപതിയുടെ മകളാണ് അനസൂയ . പാതിവ്രത്യത്തിന്‍റെ കാര്യത്തില്‍ ഒന്നാംസ്ഥാനം അനസൂയയ്ക്കാണ് കല്പിച്ചിരിക്കുന്നത് . പത്തു വർഷത്തോളമായി ഴയില്ലാതെ ലോകം വെന്തുരുകിയപ്പോൾ അനസൂയ തപഃശക്തിയും പാതിവ്രത്യശക്തിയും കൊണ്ട് വറ്റിവരണ്ട ഗംഗാനദിയില്‍ ജലപ്രവാഹമുണ്ടാക്കിയത്രേ . വൃക്ഷങ്ങളില്‍ കായ്കനികളുമുണ്ടാക്കി "
അനസൂയയുടെ പാതിവ്രത്യത്തെക്കുറിച്ചൊരു കഥയില്ലേ?" .
"ഇപ്പോള്‍ ശുചീന്ദ്രം എന്നറിയപ്പെടുന്ന സ്ഥലമായിരുന്നു അത്രിമഹർഷിയുടെ വാസകേന്ദ്രമായിരുന്ന ജ്ഞാനാരണ്യം . ഒരിക്കൽ അവിടെ മഴ പെയ്യാതായി. ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി യാഗം നടത്താന്‍ അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി . മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിൻറെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്ന വിശ്വാസത്താല്‍ അദ്ദേഹത്തിന്‍റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു . അനസൂയയുടെ കഥ ദേവമഹർഷി നാരദൻ വഴി ലക്ഷ്മി, സരസ്വതി, പാർവ്വതി എന്നിവരുടെ ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയച്ചു. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോട് ഭിക്ഷചോദിച്ചു. . അനസൂയ അതിന് സമ്മതിച്ചപ്പോൾ , വിവസ്ത്രയായി വേണം ഭക്ഷണം നല്കാനെന്ന് പറഞ്ഞു. . ഇതുകേട്ട അനസൂയ ഒരു നിമിഷം തൻറെ ഭർത്താവിൻറെ പാദപൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു . അടക്കാനാവാത്ത മാതൃത്വഭാവത്തോടെ ആ ശിശുക്കളെ വാത്സല്യപൂര്‍വ്വം മുലയൂട്ടി. പിന്നീട് ഇതറിഞ്ഞ ദേവിമാര്‍ അനസൂയയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ചതില്‍ മാപ്പപേക്ഷിച്ചു."
"അങ്ങനെ അനസൂയ ത്രിമൂര്‍ത്തികളുടെ മാതാവുമായി , അല്ലേ മുത്തച്ഛാ?''
"അതേ , ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ മുലയൂട്ടാനുള്ള ഭാഗ്യം സിദ്ധിച്ചവളാണ് അനസൂയ. നല്ലസ്വഭാവത്തിനുമുന്നില്‍ ദേവന്മാര്‍ പോലും അടിയറവുപറയും ."
"മറ്റൊരുതരത്തിലും അനസൂയ ത്രിമൂര്‍ത്തികളുടെ അമ്മയാണ് " ജായാവചനമാണ് .
"അതെങ്ങനെയാണ് മുത്തശ്ശീ?"
"പരീക്ഷിക്കാന്‍ വന്ന ത്രിമൂര്‍ത്തികളെ ശിശുക്കളാക്കിയല്ലോ . തിരിച്ച് പഴയരൂപത്തിലാക്കിയപ്പോള്‍ ത്രിമൂര്‍ത്തികള്‍ ഇഷ്ടവരം ആവശ്യപ്പെടാന്‍ പറഞ്ഞു . തന്റെ പുത്രൻമാരായി ജനിക്കണമെന്ന വരം അനസൂയ ചോദിച്ചു. അങ്ങനെ മഹാവിഷ്ണു ദത്താത്രേയനായും ശിവന്‍ ദുര്‍വ്വാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയയിൽ ജനിച്ചു. അങ്ങനെ ത്രിമൂര്‍ത്തികളെ ഉദരത്തില്‍ വളര്‍ത്തിയും അനസൂയ ത്രിമൂര്‍ത്തികളുടെ അമ്മയായിട്ടുണ്ട് ."

"
സത്സ്വഭാവത്തിന്‍റെ ശക്തിയാണ് ഇവിടെ വെളിവാകുന്നത് . ഉറച്ച മനസ്സും സന്മാര്‍ഗ്ഗചിന്തയും ഉണ്ടെങ്കില്‍ ആര്‍ക്കും തോല്പിക്കാനാകില്ല ."
"സന്ധ്യയാകാറായി .ഇനി നമുക്ക് നാളെയാകാം"
"ശരി, മുത്തച്ഛാ, നാളെക്കാണാം ."



No comments:

Post a Comment