Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം 9

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .9
കുട്ടികള്‍ കാര്യപ്രാപ്തിയുള്ളവരാണ്. വാര്യരെയും കൂട്ടിയാണവരുടെ വരവ്.
"വാര്യരുടെ ഗ്രഹനിലയൊന്ന് നോക്കണം. ചൊവ്വയിലേക്ക് ബുധനോ വ്യാഴത്തിലേക്ക് ശനിയോ ഒളിച്ചുനോക്കുന്നുണ്ടോ എന്നൊരു സംശയമുണ്ട് "
"മാഷ് കാര്യമായെന്തോ പറഞ്ഞുകൊണ്ടുവരികയാണോ ?"
"കടന്നല്‍ക്കൂട്ടില്‍ ഇന്നലെ തലയിട്ടത് അതിന്‍റെ സൂചനയാകാം"
" ! അതാണോ. മഴയൊന്നുമില്ലെന്നുകണ്ടപ്പോള്‍ അമ്പലനടയിലേക്കൊന്നിറങ്ങിയതാണ് . അപ്പോള്‍ കുട്ടികള്‍ വരുന്നു. വാര്യര്‍ മാഷ് വരൂ എന്നുപറഞ്ഞപ്പോള്‍ നടത്തം ഇങ്ങോട്ടാക്കാമെന്ന് കരുതി."
"അപ്പോള്‍ ഇന്നും എനിക്ക് പരോളുതന്നെ ".
"ഇതൊക്കെ ഒരു രസമല്ലേ മാഷേ . ഇന്ന് മാഷുതന്നെ കഥ പറഞ്ഞുകൊടുത്തോളൂ . കുട്ടികള്‍ക്ക് മുഷിയണ്ട. ".
വാര്യരുമാഷ് പറഞ്ഞാലും ഞങ്ങള്‍ക്കിഷ്ടംതന്നെയാണ് ."
" സ്വയം‍വരം കഴിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോള്‍ ഭരതശത്രുഘ്നന്മാരെ അവരുടെ അമ്മാവന്‍ വന്ന് കൊണ്ടുപോയി . അവിടുന്നങ്ങോട്ട് വാര്യരു തുടങ്ങിക്കോളൂ ."
" കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ തന്‍റെ മൂത്തപുത്രന്‍ രാജ്യം ഭരിക്കാന്‍ പ്രാപ്തനാണെന്നും തനിക്ക് വിശ്രമം ആവശ്യമാണെന്നും ദശരഥന് തോന്നി . ആ വിഷയം രാജസദസ്സിലവതരിപ്പിക്കുകയും ചെയ്തു. സചിവര്‍ക്കും മറ്റുപ്രമാണിമാര്‍ക്കും രാമനെ ഭരണമേല്പിക്കുന്നതില്‍ ഒട്ടും വിരോധമുമുണ്ടായിരുന്നില്ല. "
" അതങ്ങനെയല്ലേ വരൂ . പ്രജകളെ സ്നേഹിക്കുന്ന കാര്യത്തില്‍ മകന്‍ ഒട്ടും പിന്നിലല്ലല്ലോ "
"അങ്ങനെ പ്രജാഹിതമനുസരിച്ച് രാമനെ അടുത്തദിവസം തന്നെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ തീരുമാനമായി . ബ്രഹ്മര്‍ഷി വസിഷ്ഠന്‍റെ നേതൃത്വത്തില്‍ രാമനും സീതയും വ്രതവും ഉപാസനയും നടത്തി. മൂന്ന് അമ്മമാരും ആഹ്ലാദത്താല്‍ മതിമറന്നു."
"അടുത്തദിവസം നാടെങ്ങും നടക്കുന്ന ഒരുക്കങ്ങള്‍ കണ്ട് കൈകേയിയുടെ ദാസി മന്ഥര കാര്യമെന്താണെന്നന്വേഷിച്ചു . രാമന്‍റെ പട്ടാഭിഷേകമാണ് എന്നറിഞ്ഞ് ഞെട്ടിപ്പോയി . കൈകേയിയുടെ അടുത്ത് ചെന്ന്‍ കാര്യമറിയിച്ചപ്പോള്‍ സന്തോഷം‍കൊണ്ട് മതിമറന്ന കൈകേയി ആ വാര്‍ത്ത അറിയിച്ചതിന് സമ്മാനം കൊടുക്കുകയാണുണ്ടായത് . "
"രാമനെ ഏറ്റവുമധികം സ്നേഹിക്കുന്നത് കൈകേയിയാണല്ലോ , അല്ലേ മുത്തച്ഛാ ?"
"അതേ , പക്ഷേ മന്ഥരയ്ക്ക് അത് ഇഷ്ടമായില്ല . മന്ഥര കൈകേയിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. രാജവം‍ശങ്ങളില്‍ ആദ്യഭാര്യയ്ക്കാണ് അധികാരം . മറ്റുപത്നിമാര്‍ സപത്നിമാരാണ് . സപത്നിക്ക് സ്വത്തിനധികാരമുണ്ടെന്നതൊഴിച്ചാല്‍ കൊട്ടാരത്തില്‍ ആദ്യഭാര്യയുടെ ദാസിയുടെ സ്ഥാനമാണുള്ളത് . രാമന്‍ രാജാവായാല്‍ ആദ്യഭാര്യയെന്നതിനുപുറമേ രാജമാതാവെന്ന സ്ഥാനവും കൌസല്യയ്ക്കുണ്ടാകും . കൊട്ടാരത്തിലെ അംഗങ്ങളുടെയും ജോലിക്കാരുടെയും മേലുള്ള സര്‍വ്വാധികാരം കൌസല്യയ്ക്കായിരിക്കും . കൈകേയി ക്ക് ദാസിക്കുസമാനമായ സ്ഥാനമാകും ഉണ്ടാകുകയെന്നര്‍ത്ഥം. "
" മന്ഥരയെ വിഷമിപ്പിച്ച മറ്റൊരുകാര്യം കൂടിയില്ലേ മാഷേ ? ഭരതനും ശത്രുഘ്നനും സ്ഥലത്തില്ലാത്ത തക്കം‍നോക്കി അഭിഷേകം നടത്താന്‍ തീരുമാനിച്ചത് ? അവരെ അമ്മവീട്ടില്‍ പറഞ്ഞയച്ച് , അവരെയറിയിക്കാതെ രാമന്‍റെ അഭിഷേകം നടത്താന്‍ തീരുമാനിച്ചതില്‍ ആര്‍ക്കും സംശയം തോന്നും."
"അതേ , യജമാനഭക്തയായ ഒരു ദാസി എന്നനിലയില്‍ ചെയ്യേണ്ടതേ മന്ഥര ചെയ്തുള്ളൂ. "
" എന്നിട്ടും ആ പാവം ഏഷണിക്കാരി എന്ന ദുഷ്‍പേരുകേട്ടു , അല്ലേ മുത്തച്ഛാ ?"
"പലപ്പോഴും അതങ്ങനെത്തന്നെയാണ് . പലരും ചെയ്യുന്നതിലെ ഉദ്ദേശ്യശുദ്ധി മറ്റുപലരും മനസ്സിലാക്കണമെന്നില്ലാ. ."
" മന്ഥരയുടെ വളരെ നേരത്തെ തത്ത്വോപദേശം കൈകേയിയുടെ മനസ്സുമാറ്റി . അഭിഷേകം മുടക്കാന്‍ മന്ഥരയോട് ഉപായം ചോദിച്ചു . പണ്ട് ഭര്‍ത്താവ് നല്കാമെന്നു വാഗ്ദാനംചെയ്ത രണ്ടുവരങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടണമെന്ന് മന്ഥര ഉപദേശിച്ചു . അതനുസരിച്ച് കൈകേയി ദശരഥനോട് രണ്ടുവരങ്ങള്‍ ആവശ്യപ്പെട്ടു ."
"എന്തായിരുന്നു ആ രണ്ടുവരങ്ങള്‍ , മാഷേ ?"
" രാമന് അഭിഷേകത്തിനുവേണ്ടി ചെയ്ത ഒരുക്കങ്ങള്‍ ഉപയോഗിച്ച് ഭരതന്‍റെ അഭിഷേകം നടത്തുവാനും ജടാവല്ക്കലധാരിയായി പതിനാലുവര്‍ഷം വനവാസത്തിനായി രാമനെ കാട്ടിലേക്കയക്കുവാനും ഉള്ള വരമാണ് കൈകേയി ചോദിച്ചത് . "
"എന്നിട്ട് ദശരഥന്‍ അത് സമ്മതിച്ചോ മാഷേ ?"
"ദശരഥന്‍ വളരെ താണുകേണപേക്ഷിച്ചിട്ടും കൈകേയി പിന്മാറിയില്ല . അവസാനം ഈ വരങ്ങള്‍ അനുവദിച്ചുതന്നില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് കൈകേയി പറഞ്ഞു . സത്യധര്‍മ്മനിഷ്ഠനായ ദശരഥന് അതിനുവഴങ്ങേണ്ടിവന്നു ."
"ശ്രീരാമനോട് ഇതുപറയാനെങ്ങനെ പുത്രവത്സലനായ പാവം ദശരഥന് കഴിഞ്ഞു ."
"
ദശരഥന് അതിനായില്ല . ദശരഥനുവേണ്ടി അത് കൈകേയി തന്നെ രാമനെയറിയിച്ചു ."
" രാമന്‍ ബോധം‍കെട്ടുവീണിട്ടുണ്ടാകും , അല്ലേ ?"
"രാമന്‍ വളരെ സമചിത്തതയോടെ അത് കേട്ടുനിന്നു. സന്തോഷപൂര്‍വ്വം അച്ഛന്‍റെ ആജ്ഞ അനുസരിക്കാന്‍ തയ്യാറാകുകയും ചെയ്തു."
"ലക്ഷ്മണനാണ് കുപിതനായത് . രാമന്‍ അനുജനെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. "
" അതുമാത്രമല്ല , മാതാപിതാക്കളെയും ബന്ധുജനങ്ങളെയും സ്വജനങ്ങളെയുമൊക്കെ രാമന്‍തന്നെ സമാധാനിപ്പിച്ചു . പക്ഷേ രാമന്‍ എത്ര നിര്‍ബ്ബന്ധിച്ചിട്ടും അനുസരിക്കാതെ സീതയും ലക്ഷ്മണനും രാമന്‍റെകൂടെ കാട്ടിലേക്കുപോകാന്‍ തീരുമാനിച്ചു . കൂടെപ്പോകാന്‍ തീരുമാനിച്ച പ്രജകളെയും പ്രിയജനങ്ങളെയും രാമന്‍ പിന്തിരിപ്പിച്ചു ."
" അയോദ്ധ്യയുടെ അതിര്‍ത്തിവരെ തന്നെ അനുഗമിച്ച നാട്ടുകാരെ ഉപേക്ഷിച്ച് സീതാലക്ഷ്മണന്മാരോടുകൂടി രാമന്‍ വനത്തിലേക്കുള്ള യാത്ര തുടര്‍ന്നു."
" ദശരഥരാജന്‍ വാഗ്ദാനം ചെയ്ത വരങ്ങളാണ് കൈകേയി ചോദിച്ചതെന്നാണ് നേരത്തെ പറഞ്ഞത്. എന്തിനാണ് അങ്ങനെ വാഗ്ദാനം ചെയ്തത്?"

"പണ്ട് ദേവാസുരയുദ്ധത്തില്‍ ഇന്ദ്രന്‍റെ സഹായത്തിനായി ദശരഥന്‍ പോകുമ്പോള്‍ കൈകേയി കൂടെപ്പോയിരുന്നു . ശംബരനും ദേവന്മാരും തമ്മിലുള്ള യുദ്ധത്തില്‍ മുറിവേറ്റുവീണവര്‍ ഉറങ്ങുമ്പോള്‍ രാക്ഷസന്മാര്‍ വധിച്ചുതുടങ്ങി. അതുകണ്ട ദശരഥന്‍ ശംബരനോട് യുദ്ധംചെയ്തു. മായായുദ്ധത്തില്‍ ശംബരന്‍റെ ആയുധമേറ്റ് അദ്ദേഹം ബോധം‍കെട്ടുവീണു . അപ്പോള്‍ കൈകേയി അതിവേഗത്തില്‍ തേരുതെളിച്ച് ഭര്‍ത്താവിനെ രക്ഷിച്ചു. സന്തുഷ്ടനായ രാജാവ് രണ്ടുവരങ്ങള്‍ ചോദിക്കാനാവശ്യപ്പെട്ടു . അത് ആവശ്യം വരുമ്പോള്‍ ചോദിക്കാമെന്ന് പറയുകയുംചെയ്തു ."
"ആ ശ്ലോകമൊക്കെ വാര്യര്‍ക്ക് കാണാപ്പാഠമാണല്ലോ , അല്ലേ?"
"സ ശംബര ഇതി ഖ്യാതഃ ശതമായോ മഹാസുരഃ
ദദൌ ശക്രസ്യ സംഗ്രാമം ദേവസങ്ഘൈരനിര്‍ജ്ജിത
തസ്മിന്മഹതി സംഗ്രാമേ രാജാ ദശരഥസ്തദാ
അപവാഹ്യ ത്വയാ ദേവീ സങ്ഗ്രാമാന്നഷ്ടചേതനഃ
തത്രാപി വിക്ഷതഃ ശസ്ത്രൈഃ പതിസ്തേ രക്ഷിതസ്ത്വയാ
തുഷ്ടേന തേന ദത്തൌ തേ ദ്വൌ വരൌ ശുഭദര്‍ശനേ "

"പക്ഷേ അദ്ധ്യാത്മരാമായണത്തില്‍ കാണുന്നത് മറ്റൊന്നാണ് . ശംബരനോടു യുദ്ധം ചെയ്യുമ്പോള്‍ രഥചക്രത്തിന്‍റെ അച്ചാണി ഇളകിപ്പോയത് രാജാവറിഞ്ഞില്ല . എന്നാല്‍ ഇതുകണ്ട കൈകേയി ആ ദ്വാരത്തില്‍ തന്‍റെ കൈവിരല്‍ കടത്തി ചക്രമൂരിപ്പോകാതെ രക്ഷിച്ചു. സന്തുഷ്ടനായ രാജാവ് രണ്ടുവരങ്ങള്‍ ചോദിക്കാനാവശ്യപ്പെട്ടു . അത് ആവശ്യം വരുമ്പോള്‍ ചോദിക്കാമെന്ന് പറയുകയുംചെയ്തു ."
"
അതേ. കിളിപ്പാട്ടില്‍ ആ വരികള്‍ ഇങ്ങനെയാണ്.-
ഛിന്നമായ് വന്നു രഥാക്ഷകീലം പോരിലെന്നതറിഞ്ഞതുമില്ല ദശരഥന്‍
സത്വരം കീലരന്ധ്രത്തിങ്കല്‍ നിന്നുടെ ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ
ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ് യുദ്ധം കഴിവോളമങ്ങനെ നിന്നതും "
"എന്തായാലും യുദ്ധത്തില്‍ രക്ഷിച്ചതിനാണെന്നതില്‍ തര്‍ക്കമില്ലല്ലോ, അതുമതി"
അതിനിടയില്‍ കുട്ടികള്‍ക്കിടയില്‍ ഒരിളക്കം." എന്താ പ്രശ്നം?" ആരുചോദിക്കണമെന്ന തര്‍ക്കമാണ് . അവസാനം അപ്പു ധൈര്യം കാണിച്ചു. "ഓപ്പോള്‍ക്ക് എന്തോ ചോദിക്കാനുണ്ടത്രേ "
"എന്താ ഗായത്രിക്കുട്ടിക്ക് അറിയേണ്ടത് ?"
"ലക്ഷ്മണന്‍റെ ഭാര്യയുടെ ഉറക്കത്തെക്കുറിച്ചൊരു കഥയില്ലേ?"
"അതിനി ഇന്നുവേണോ ? സന്ധ്യയായില്ലേ ? നിങ്ങള്‍ക്കു പോകണ്ടേ ?"
" അതുസാരമില്ല മാഷേ . മൂന്നുവീടും ഇവിടെ മുറ്റത്തുതന്നെല്ലേ . രണ്ടാളല്ലേ രണ്ടുവീടപ്രത്തേക്കുമാറിയിട്ടുള്ളൂ. . ആ കുട്ടിയെ ഞാന്‍ പോകുന്ന വഴി വീട്ടിലാക്കാം ."
"ന്നാപ്പിന്നെ വാര്യരുതന്നെ ആ കഥ പറഞ്ഞുകൊടുത്തുകൊള്ളു."
"വനവാസത്തിനിടയില്‍ രാത്രി സീതാരാമന്മാരെ സംരക്ഷിച്ചുകൊണ്ട് കാവലിരിക്കുകയായിരുന്ന ലക്ഷ്മണന്റെ മുന്നില്‍ നിദ്രാദേവി പ്രത്യക്ഷപ്പെട്ടു . അപ്പോള്‍ ലക്ഷ്മണന്‍ തന്‍റെ മാതാപിതാക്കള്‍ക്കുതുല്യരാ യ രാമനെയും സീതയെയും രക്ഷിച്ചുകൊണ്ട് കാവലിരിക്കേണ്ടതുള്ളതുകൊണ്ട് വനവാസം കഴിയുന്നതുവരെ തന്നെ സ്പര്‍ശിക്കരുതെന്ന് അപേക്ഷിച്ചു. നിദ്രാദേവി തനിക്ക് ആരെയും ഇത്രകാലം ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് മറുപടി കൊടുത്തു . വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ആരെങ്കിലും നിദ്ര ഏറ്റെടുക്കുമെങ്കില്‍ അങ്ങനെയാകാമെന്ന് സമ്മതിച്ചു. തന്‍റെ ഭാര്യ അതേറ്റെടുക്കുമെന്ന് ലക്ഷ്മണന്‍ പറഞ്ഞു. നിദ്രാദേവി ഊര്‍മ്മിളയോട് ചോദിച്ചപ്പോള്‍ രാമന്‍റെയും സീതയുടെ രക്ഷയ്ക്കുവേണ്ടിയായതുകൊണ്ട് പകല്‍ മുഴുവന്‍ ഭര്‍ത്താവിന്‍റെ ഉറക്കം ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അങ്ങനെ വനവാസക്കാലം കഴിയുന്നതുവരെ ഊര്‍മ്മിള അദ്ധികസമയവും ഉറക്കം‍തന്നെയായിരുന്നു ."
"എന്നാല്‍ ബാക്കിനാളെയാകാം ."
പോകാന്‍ വരട്ടേയെന്ന് പറഞ്ഞുകൊണ്ട് സഹധര്‍മ്മിണി ഒരു പാത്രവും കുറേ ഗ്ലാസ്സുകളുമായി വരുന്നു. "എന്തായിത് ?"
"ഒരുകുല നേന്ത്രന്‍ വറുക്കാന്‍ വേണ്ടി വെട്ടിയതാണ് . മൂപ്പുകൂടിപ്പോയി . അതുപഴുപ്പിച്ച് പ്രഥമനുണ്ടാക്കി .
ഓരോ ഗ്ലാസ്സ് കുടിച്ചിട്ടുപോകാം."
" സന്ധ്യയാകാറായി "
" അതുസാരമില്ല. .വേഗം കഴിച്ചാല്‍ മതി "
"ഒരു പാത്രം വാര്യര്‍ക്കു കൊടുത്തയച്ചോളൂ. "
" ഇതാ, അതൊക്കെ ഞാന്‍ ശരിയാക്കിയിട്ടുണ്ട്. "
" അത് കുട്ടികള്‍ക്ക് കൊടുത്തയച്ചോളൂ "
"അവരുടെ വീട്ടിലേക്ക് കൊടുത്തയച്ചിട്ടുണ്ട് . വാര്യരുടെ വീട്ടിലും ഒരു കുട്ടിയില്ലേ ?"
" ഉവ്വ്, ആ കുട്ടിക്ക് തൊണ്ണൂറ്റാറായി .ന്നാലും നല്ല ആരോഗ്യണ്ട് ."
" അതൊരു ഭാഗ്യല്ലേ ."
"സംശയല്യ , എന്നാ ഞാനും ഇവരോടൊപ്പം പോകുന്നു . നാളെ കാലത്തുതന്നെ ഞാന്‍ പോകും ."
"അപ്പോള്‍ നാളെ വാര്യരുണ്ടാകില്ലേ ?"
" മകളുടെ ഭര്‍ത്താവിന് ഒരു ബിസിനസ് ടൂറുണ്ടത്രേ . അവള്‍ക്ക് ഞാന്‍ അവിടെ ചെല്ലണമെന്ന് നിര്‍ബ്ബന്ധം. എന്നാല്‍ പോകാമെന്നുകരുതി ."
"യാത്രാമംഗളം നേരുന്നു "
" ഞാനന്നുപറഞ്ഞ ക്ലാസ്സിന്‍റെ കാര്യം മറക്കരുതേ "

"അതുഞാന്‍ മറക്കില്ല. വാര്യരുസമാധാനമായി മകളുടെയടുത്തേക്ക് പോയ്ക്കൊള്ളൂ. "

No comments:

Post a Comment