Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.18

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.18
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)
==============================
കേമമായിട്ടൊന്നു മുറുക്കാന്‍ നേരത്താണ് ഔസേപ്പുമാപ്പിളയുടെ വരവ്. കാരണവന്മാരുടെ കാലത്ത് ഉള്ള ബന്ധമാണ്. ഓരോ കാലത്തും ചെയ്യേണ്ട കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതും ആളുകളെ സംഘടിപ്പിച്ച് വൃത്തിയായി ജോലിചെയ്യിക്കുന്നതും ഔസേപ്പുമാപ്പിളയാണ് . ശരിയല്ലെന്നുതോന്നുന്ന എന്തെങ്കിലും കണ്ടാല്‍ എന്നെ വഴക്കുപറയാന്‍ അധികാരം കൈവശം വച്ചിട്ടുള്ള ഒരേ ഒരാള്‍ . വയസ്സ് തൊണ്ണുറ്റിയേഴായെങ്കിലും നടന്നാല്‍ ഒപ്പമെത്താന്‍ ഓട്ടോ വിളിക്കേണ്ടിവരും . കണ്ണിനും കാതിനും പല്ലിനും വാര്‍ദ്ധക്യം ബാധിക്കാത്ത യുവമാനസന്‍ . പുകയിലമുറുക്കാണ് ഒരു ബലഹീനത . ചെരിപ്പ് ഉപയോഗിക്കാറില്ലെങ്കിലും കണ്ടകാരിയായ പാദങ്ങള്‍ മുള്ളുകളെയൊക്കെ നിഷ്‍പ്രഭമാക്കും .
"എന്താകുട്ടാ ,വിശേഷങ്ങള്‍ ?" കുട്ടിക്കാലം മുതലേ കുട്ടന്‍ എന്നാണെന്നെ വിളിക്കുന്നത് . രണ്ടുമൂന്നുവയസ്സുപ്രായത്തില്‍ കൌപീനധാരിയായി നടന്നിരുന്ന ഞാന്‍ തന്നെയാണ് ഇപ്പോഴും ആ മനസ്സില്‍ .
( മുന്നറിയിപ്പ് : അറിയാതെ പറഞ്ഞുപോയ വിശേഷണങ്ങള്‍ വച്ചുകൊണ്ട് ഈയുള്ളവനെ മനസ്സില്‍ കാണുകയോ ചിത്രീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ വ്യവഹാരത്തില്‍ ഏര്‍പ്പെടുന്നതാണ് .)
"ഉള്ളതുകൊണ്ട് സന്തോഷമായും സംതൃപ്തിയോടെയും കഴിയുന്നു."
"അതുമതി . അതാണല്ലോ വേണ്ടത് . എന്‍റെ താഴെയുള്ള മകന്‍റെ മക്കള്‍ കമ്പ്യൂട്ടറില്‍ കുട്ടന്‍റെ കഥകള്‍ കാണിച്ചുതന്നു . ഇവിടെയിരുന്നെഴുതിയാല്‍ അവിടെ വരുന്ന സൂത്രം അത്ഭുതം തന്നെ."
"ഇന്ന് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ ഔസേപ്പുമാപ്പിളയുടെ മകന്‍ അമേരിക്കയിലിരുന്നുകാണുന്നുണ്ടാകും. . അതാണ് ഇന്‍റെര്‍നെറ്റിന്‍റെ ഗുണം."
"എന്‍റെ കുട്ടിക്കാലത്തും കാണാന്‍ പറ്റില്ലെങ്കിലും നടക്കുന്ന കാര്യങ്ങള്‍ അല്പസമയത്തിനുള്ളില്‍ എല്ലായിടത്തും അറിയുന്ന സം‍വിധാനമുണ്ടായിരുന്നു ."
തൊണ്ണൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ് വീഡിയോ ഇല്ലാതെ ഓഡിയോ മാത്രം അയയ്ക്കാനുള്ള സം‍വിധാനമോ ? അന്തംവിട്ട് കുന്തംവിഴുങ്ങിയതുപോലുള്ള കുട്ടന്‍റെ നില്പ് കാണാന്‍വയ്യാതെ ഔസേപ്പുമാപ്പിള സസ്പെന്‍സ് അവസാനിപ്പിച്ചു .
"കുട്ടന് മനസ്സിലായില്ല , അല്ലേ ? നമ്മുടെ രാഘവന്‍ മാഷില്ലേ , ഏഡുമാഷ്. . അങ്ങേരുടെ അമ്മ . പാറുക്കുട്ടിയമ്മ എന്നാണ് പേര്. ഏഷണിപ്പാറുവെന്നുപറഞ്ഞാലേ എല്ലാവരും അറിയൂ."
"
എനിക്കോര്‍മ്മയുണ്ട് ."
"മരണവും ജനനവും കല്യാണവും രഹസ്യവേഴ്ചകളും അവിഹിതഗര്‍ഭവുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ നാടുമുഴുവന്‍ പരക്കും. നേരിട്ടുപറയാറില്ലെങ്കിലും കാര്യം എല്ലാവരും അറിയും."
"പറയാതെ എങ്ങനെ കാര്യങ്ങള്‍ അറിയും?"
"ഒരു വീട്ടില്‍ കേറിച്ചെന്ന് ഒന്നുമുറുക്കി , ഒരു കഷ്ണം പൊകല മടിയില്‍ തിരുകിയിട്ട് പറയും. ന്‍റെ നങ്ങുട്ട്യേ , എന്തിനാന്നറീല്ല്യ , നുമ്മടെ എച്മു വാര്യേത്തുചെന്ന് ആരും കാണാതെ പുളീടെ വേരിന്‍റെ തൊലിചെത്തിക്കൊണ്ടോവ്ണുണ്ട്ത്രേ. "
പുളിയുടെവേരിന്മേല്‍ത്തൊലി കഷായം കുടിക്കുന്നത് പണ്ട് 'ആരാന്നു ചോദിച്ചാല്‍ പറയാന്‍ ആളില്ലാത്ത ' ഗര്‍ഭം അലസിപ്പിക്കാനായിരുന്നു എന്നത് അണ്ടര്‍സ്റ്റുഡ് . ഈ ഒരൊറ്റ വാക്യം മതി നങ്ങൂട്ടിക്ക്. എച്മുവിന് കല്യാണം കഴിയാത്ത മകളുണ്ടെന്നും നാടറിയാതെ ഗര്‍ഭിണിയായെന്നും മനസ്സിലാക്കിക്കൊള്ളും.. ഇങ്ങനെ നിമിഷങ്ങള്‍ക്കൊണ്ട് വാര്‍ത്ത നാടുമുഴുവന്‍ പരക്കും.
"കൊള്ളാലോ . ഇപ്പോള്‍ വന്നത് എന്തെങ്കിലും പ്രത്യേകകാര്യത്തിനാണോ ?"
"അതേലോ . അവന്‍ ഇതുകാണിച്ചുതന്നപ്പോ ള്‍ മുതല്‍ ഇവിടെ വന്നിരിക്കാമെന്നൊരു ആലോചന ."
"ഔസേപ്പുമാപ്പിളയ്ക്കറിയാത്ത രാമായണം കഥ എനിക്കറിയുമെന്ന് തോന്നുന്നുണ്ടോ ?"
"പണ്ട് മുത്തച്ഛന്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നും വന്നിരിക്കും . കൂടെ ഏലിക്കുട്ടീണ്ടാവും. . മുത്തച്ഛന്‍ കുറച്ചുവായിച്ചാല്‍ അതിന്‍റെ കഥപറഞ്ഞുതരും . അങ്ങനെ രാമായണം മുഴുവന്‍ കാണാപ്പാഠമായി . "
"എനിക്കോര്‍മ്മയുണ്ട് . പറമ്പില്‍ പണിയുള്ളപ്പോള്‍ മുത്തച്ഛന്‍ പിന്നാലെ നടന്ന് ഔസേപ്പുമാപ്പിളയുടെ കഥകേള്‍ക്കാറുള്ളതും ഓര്‍മ്മയുണ്ട് ."
"കുട്ടന്‍റെ മുത്തച്ഛനും ബൈബിള്‍ മുഴുവനുമറിയാം."
"ഉവ്വ് , ജാതിയുടെ ചിന്തകള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലമെന്ന് ഇപ്പോള്‍ ആക്ഷേപിക്കുന്ന ആ കാലത്ത് പെരുനാളിന് ഇവിടെ അമ്പ് കൊണ്ടുവരുമായിരുന്നു . അമ്പുപെരുനാളിന് വീട്ടില്‍ അമ്പുകയറ്റിയാല്‍ വസൂരിരോഗമുണ്ടാകില്ലെന്നായിരുന്നു അന്ന് വിശ്വാസം. പല ഹിന്ദുകുടുംബങ്ങളിലും അന്ന് ഇങ്ങനെ ചെയ്യാറുണ്ട് . എന്‍റെ കുട്ടിക്കാലത്ത് പേടിസ്വപ്നം കാണുമ്പോള്‍ ഏതോ ഒരു പുണ്യവാളന് മെഴുകുതിരി കത്തിക്കാന്‍ ഔസേപ്പുമാപ്പിളയുടെ കൈയില്‍ കാശുതരുന്നതും ഞാന്‍ ഓര്‍ക്കുന്നു . ആലത്തിയൂര്‍ ഹനുമാനെ സങ്കല്പിച്ച് ഇവിടെ തിരികത്തിച്ചുവയ്ക്കുകയും ചെയ്യും."
"അതാ , കുട്ടികള്‍ വന്നല്ലോ . കൂടെയുള്ളതില്‍ ഒരുത്തി ടീച്ചറാണ് . നിത്യവും പാലുകൊടുക്കാന്‍ പറ്റുമോ എന്നുചോദിച്ച് വന്നിരുന്നു. കുട്ടന്‍റെ മുമ്പില്‍ ഇന്ന് ഞാനുമൊരു കുട്ടിയാകട്ടെ ! "
" മറ്റേ സ്ത്രീ കോളേജിലെ ടീച്ചറാണ് . ഒരുമിച്ചാ താമസം. ടീച്ചര്‍ ഇദ്ദേഹത്തെ അറിയില്ലേ? "
" ഞങ്ങള്‍ക്ക് പാലുതരുന്നത് ഇദ്ദേഹമല്ലേ !"
"അപ്പോള്‍ നമുക്ക് തുടങ്ങാം . രാവണന്‍ സീതയെയും‍കൊണ്ട് ലങ്കയിലേക്ക് പോയി . മാരീചനെ കൊന്നപ്പോള്‍ തന്‍റെ ശബ്ദത്തില്‍ ലക്ഷ്മണനെയും സീതയെയും വിളിച്ചുകരഞ്ഞതോര്‍ത്ത് രാമന് പരിഭ്രമമായി . ലക്ഷ്മണന് തന്നെ നന്നായറിയാമെങ്കിലും അമ്മയെപ്പോലെ ആദരിക്കുന്ന സീത നിര്‍ബ്ബന്ധിച്ചാല്‍ അവരെ അവിടെവിട്ട് ജ്യേഷ്ഠനെ അന്വേഷിച്ചുപോരുമോ എന്നായിരുന്നു ഭയം. ലക്ഷ്മണന്‍റെ വരവുകണ്ടപ്പോള്‍ ഭയം അസ്ഥാനത്തല്ലെന്ന് രാമന് മനസ്സിലായി ."
"സീതയെ കൊണ്ടുപോയ വിവരം അവര്‍ അറിഞ്ഞിട്ടില്ലല്ലോ ?"
"അതറിഞ്ഞിട്ടല്ലാ. രാമന് മായാവികളായ രാക്ഷസന്മാരെ നന്നായറിയാം . പോരെങ്കില്‍ ദുര്‍ന്നിമിത്തങ്ങളും കണ്ടിരുന്നു . അതാണ് ഭയത്തിന് ഹേതു."
"അവര്‍ ഒട്ടും സമയം കളയാതെ പര്‍ണശാലയിലെത്തി . ഭയപ്പെട്ടതുപോലെത്തന്നെ സീത അപ്രത്യക്ഷയായിരിക്കുന്നു . രാമലക്ഷ്മണന്മാര്‍ പലയിടത്തും അന്വേഷണം തുടര്‍ന്നു. സമയം കഴിയുന്തോറും രാമന് പരിഭ്രമം കൂടിക്കൂടിവന്നു . മാനിനോടും മയിലിനോടും പുല്‍ക്കൊടിയോടും പുഴയോടുമെല്ലാം സീതയെക്കണ്ടുവോ എന്നുചോദിച്ച് അലയാന്‍ തുടങ്ങി."
"മുത്തച്ഛാ, രാമന്‍ എല്ലാം അറിയുന്നവനല്ലേ ?"
"രാമന്‍ തികച്ചും മനുഷ്യനാണ് . വികാരവിചാരങ്ങളെല്ലാം മനുഷ്യന്‍റേതുതന്നെ . ഒരു ഉത്തമപുരുഷന്‍ ഓരോ സന്ദര്‍ഭത്തിലും എങ്ങനെ പെരുമാറുന്നുവെന്ന് രാമന്‍റെ കഥാപാത്രം കാണിച്ചുതരുന്നു . മറ്റൊരു കാര്യം അവതാരലക്ഷ്യം രാമനെ അറിയിച്ചിട്ടില്ല എന്നതാണ് . രാമന്‍ എത്തിപ്പെടേണ്ട ചുറ്റുപാടുകളിലേക്ക് രാമനെ എത്തിക്കുന്നതില്‍ ഋഷിമാര്‍ നല്ല പങ്ക് വഹിക്കുന്നുണ്ട് . പരിതസ്ഥിതികളോടുള്ള സ്വാഭാവിക പ്രതികരണത്തിലൂടെ വേണം കാര്യങ്ങള്‍ ഭംഗിയാകുന്നത് . "
"അപ്പോള്‍ രാമന്‍ വിഷ്ണുവിന്‍റെ അവതാരമാണെന്ന് രാമായണത്തില്‍ പറയുന്നില്ലേ?"
" രാമന്‍ വിഷ്ണുവിന്‍റെ അവതാരമാണെന്നത് സത്യമാണ് . വാല്മീകി വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ അതുവെളിപ്പെടുത്തുന്നുമുണ്ട് . പക്ഷേ ഒരു മനുഷ്യനുമാത്രമേ രാവണനെ കൊല്ലാനാകൂ . അതുകൊണ്ട് തികച്ചും മനുഷ്യനായിട്ടാണ് രാമനെ വളര്‍ത്തുന്നത് . ഓരോ സന്ദര്‍ഭത്തിലും ദേവഋഷിവൃന്ദം രാമനറിയാതെ അദ്ദേഹത്തെ അവിടെയെത്തിക്കുകയാണ് ചെയ്യുന്നത്."
"കുട്ടാ, ഇടയില്‍ക്കയറിപ്പറയുന്നതില്‍ മുഷിച്ചിലുണ്ടാകരുതേ . " ഔസേപ്പുമാപ്പിള തുടര്‍ന്നു. "മഹര്‍ഷിമാര്‍ അവരുടെ തപശ്ശക്തി രാമനുപകര്‍ന്നുകൊടുത്തുകൊണ്ട് രാമന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നത് . രാമന് അമാനുഷികശക്തി കൈവരാന്‍ കാരണമായിട്ടില്ലേ ? വിഷ്ണുവിന്‍റെ അവതാരമെന്നത് രാമനറിഞ്ഞാലും ഇല്ലെങ്കിലും ആ ശക്തിചൈതന്യം ആവശ്യമുള്ളപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കില്ലല്ലോ . പക്ഷേ ഇതിന്‍റെ ബലത്തില്‍ അലസനായിരിക്കാന്‍ രാമന് കഴിയില്ല. സ്വപ്രയത്നംകൊണ്ട് ലക്ഷ്യം നേടണം . ഇപ്പോള്‍ പറഞ്ഞ് കഥയുടെ രസം കളയുന്നില്ല .യുദ്ധരംഗത്തും കഠിനവ്രതവും അദ്ധ്വാനവുമാണല്ലോ രാമനെ തുണയ്ക്കുന്നത് ."
"തീര്‍ച്ചയായും അതങ്ങനെത്തന്നെയാണ് ."
"താങ്കള്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവനായിട്ടും ഇതൊക്കെയറിയുമോ ?"
" ടീച്ചര്‍ ഇനിയും എത്രയോ അറിയാനിരിക്കുന്നു . പതിനെട്ടുവര്‍ഷത്തോളം മുത്തച്ഛന്‍ രാവിലെ ഭാഗവതവും ഉച്ചതിരിഞ്ഞ് രാമായണവും വായിക്കുമ്പോള്‍ ഔസേപ്പുമാപ്പിളയും ഭാര്യയും ഒപ്പമിരിക്കും . ആദ്യമൊക്കെ കഥ വിവരിച്ചുകൊടുക്കും . പിന്നെ സംശയങ്ങള്‍ നിവര്‍ത്തിക്കലായി . പിന്നെ മുത്തച്ഛന്‍ വായിക്കുന്നതില്‍ ഒരക്ഷരം പിഴച്ചാല്‍ തിരുത്തിക്കൊടുന്ന ഘട്ടത്തിലെത്തി ."
"കുട്ടാ, പതിനെട്ടുവര്‍ഷം ഔസേപ്പുമാപ്പിള ഒപ്പമിരുന്നു .പക്ഷേ ഔസേപ്പുമാപ്പിള യുടെ പെമ്പിള പകുതിവഴിയില്‍ നിറുത്തിപ്പോയി "
ഇനി വിഷയം മാറ്റുന്നതാണ് ഭംഗി. ഒരുദിവസത്തെ പനിയെന്നുമാത്രമേ അന്നുള്ളവര്‍ക്കു പറയാനറിയൂ. . അകാലത്തിലുള്ള പ്രിയതമയുടെ വിയോഗം നൂറുതികയാറായിട്ടും മനസ്സില്‍ വ്യക്തമായി കിടക്കുന്നു . കണ്ണുനീര്‍ തളം‍കെട്ടുന്ന ആ കണ്ണുകള്‍ പലതവണ കണ്ടിട്ടുള്ളതാണ് . ഇനിയതുവയ്യാ .
"സീത പോകാനിടയിലുള്ള സ്ഥലങ്ങളിലെല്ലാമന്വേഷിച്ചിട്ടും ഫലമുണ്ടായില്ല . ലക്ഷ്മണന്‍റെ കഴിവുകള്‍ മുഴുവനുപയോഗിച്ചിട്ടും രാമനെ സാന്ത്വനിപ്പിക്കാനായില്ല . അവര്‍ കാടെങ്ങുമലഞ്ഞുനടന്നു . അപ്പോഴാണ് വാടിയപൂവുകള്‍ രാമന്‍ കണ്ടത്. അത് രാവിലെ സീതയ്ക്ക് പറിച്ചുകൊടുത്തതായിരുന്നെന്ന് രാമന്‍ മനസ്സിലാക്കി . സീതയുടെ ആഭരണങ്ങളുടെ ഭാഗങ്ങളും രാക്ഷസന്‍റെ ഭീമാകാരമായ കാലടിപ്പാടുകളും കണ്ടതോടെ സീതയെ രാക്ഷസന്മാര്‍ പിടിച്ചുതിന്നുവെന്ന് രാമന്‍ തീര്‍ച്ചപ്പെടുത്തി. അടുത്തുതന്നെ തകര്‍ന്നുകിടക്കുന്ന രഥവും മരിച്ചുകിടക്കുന്ന സൂതനെയും കണ്ടു. അതാരുടെയാണെന്നുമനസ്സിലാക്കാന്‍ ഒരടയാളവുമുണ്ടായിരുന്നില്ല ."
"അങ്ങനെ അന്വേഷണം വഴിമുട്ടിയപോലെയായി, അല്ലേ മാഷേ .?"
അതിലും വലിയ ആപത്ത് ലക്ഷ്മണന്‍ മനസ്സിലാക്കി .ദുഃഖവും നിരാശയും മനുഷ്യന്‍റെ വിവേകം നഷ്ടപ്പെടുത്താന്‍ കാരണമാകും . ശക്തിശാലി വിവേകം നഷ്ടപ്പെട്ടവനായാല്‍ മഹാനാശകാരിയാകും . രാമന്‍ അത്തരമൊരവസ്ഥയിലേക്കാണ് നീങ്ങുന്നത്. അങ്ങനെ ജ്യേഷ്ഠന് തത്ത്വോപദേശം നല്കുകയെന്ന ഒരു കഠിനവൃത്തികൂടി അനുജന് നിര്‍വ്വഹിക്കേണ്ടിവന്നു . അനുജന്‍റെ സാരോപദേശങ്ങള്‍ ജ്യേഷ്ഠനെ ശാന്തനാക്കി ."
"മാഷേ , അവരുടെ കൂടെ മറ്റാരുമില്ലേ ?"
"ആ സമയത്ത് ആശ്വാസം നല്കാന്‍ ആരെയും കണ്ടില്ല . അങ്ങനെ നടക്കുമ്പോഴാണ് പര്‍വ്വതശിഖരം പോലെ ഒരു രാക്ഷസന്‍ രക്തം വാര്‍ന്നൊലിച്ചുകിടക്കുന്നു . ഭീമാകാരനായ ഒരു കഴുകന്‍റെ രൂപം .അവനുനേരെ ശരം തൊടുക്കാനാഞ്ഞപ്പോള്‍ ആ കഴുകന്‍ തന്നെ കൊല്ലരുതെന്നപേക്ഷിച്ചു . ജടായുവാണ് താനെന്ന് അവന്‍ അറിയിച്ചു. രാവണന്‍ സീതയെ മോഷ്ടിച്ച് പറന്നതും തടുക്കാനായിച്ചെന്ന തന്നെ വധിക്കാനായി വെട്ടിയതും സീതാദേവിയുടെ അനുഗ്രഹത്താല്‍ മാത്രം രാമനോടിക്കാര്യം ഉണര്‍ത്തിക്കാനായി ജീവനോടെ കിടക്കുന്നതും പറഞ്ഞൊപ്പിച്ചു . വിശ്രവസ്സിന്‍റെ പുത്രനും കുബേരന്‍റെ സഹോദരനുമായ രാവണനാണതു ചെയ്തതെന്നും തെക്കുഭാഗത്തേക്കാണ് കൊണ്ടുപോയതെന്നും ജടായു പറഞ്ഞു . ശ്വാസം കിട്ടാതെ പിടയുന്ന കഴുകനെ രാമന്‍ മെല്ലേ തലോടി . ജടായു ശ്രീരാമനെ ഒന്നു നോക്കി. പിന്നെ ആ കണ്ണുകള്‍ നിശ്ചലങ്ങളായി ."
" രാമനെക്കണ്ട് കാര്യങ്ങള്‍ അറിയിക്കുകയെന്നതായിരുന്നുവല്ലോ ആ വൃദ്ധനായ കഴുകന്‍റെ നിയോഗം ."
"അതേ , രാമലക്ഷ്മണന്മാര്‍ ജടായുവിന്‍റെ ജഡം നദീതീരത്ത് സംസ്കരിച്ചു . വിധിപ്രകാരം ശേഷക്രിയകളും നടത്തി."
"ഒരു നികൃഷ്ടജീവിയായ കഴുകന് ഇങ്ങനെയൊരു കര്‍മ്മത്തിന് യോഗ്യതയുണ്ടോ , മാഷേ ?"
"രാമലക്ഷ്മണന്മാരുടെ അച്ഛന്‍റെ സുഹൃത്ത് എന്ന നിലയിലും പ്രായംകൊണ്ടും പിതൃസ്ഥാനം കല്പിക്കാം . ധര്‍മ്മയുദ്ധമാണ് ജടായുവിന് മരണകാരണമായത് . അനേകവത്സരം തപസ്സുചെയ്ത് നേടുന്നതിനേക്കാള്‍ ശ്രേഷ്ഠതരമായി വീരസ്വര്‍ഗ്ഗം കണക്കാക്കപ്പെടുന്നു . അങ്ങനെയുള്ള വീരസ്വര്‍ഗ്ഗത്തിനര്‍ഹത നേടിയവനാണ് ജടായു .അതുകൊണ്ട് രാമലക്ഷ്മണന്മാര്‍ ചെയ്തത് ഉചിതം തന്നെ."
"കുട്ടാ , ഇതില്‍ വലിയൊരു തത്ത്വമില്ലേ ? കണ്ണിന് ആനന്ദം നല്കുന്ന മനോഹരവും നിഷ്ക്കളങ്കതയോലുന്നതുമായ സാധുജീവിയാണ് മാന്‍. ആ മാനാണ് സീതാപഹരണത്തിന് ഹേതുവായത് . എല്ലാവരാലും നിന്ദിക്കപ്പെടുന്ന നികൃഷ്ടജീവിയാണ് കഴുകന്‍ . ആ കഴുകനാണ് ഇവിടെ ശ്രീരാമന്‍റെ രക്ഷക്കെത്തിയത് . അപ്പോള്‍ ഏതുകുലത്തില്‍ ജനിക്കുന്നു എന്നതല്ല , എന്തുപ്രവൃത്തി ചെയ്യുന്നുവെന്നതാണ് ഒരുവനെ വലുതാക്കുന്നതും നീചനാക്കുന്നതും . ആകൃതിയോ രൂപഭംഗിയോ ജനിച്ച കുലമോ കണ്ട് ഒരാളെയും വിലയിരുത്തരുത് ."
"ഇദ്ദേഹം പറയുന്നത് വളരെയധികം ചിന്തിക്കേണ്ട കാര്യമാണ് , അല്ലേ മാഷേ ?"
" ഇതിലെ ഓരോ സംഭവവും മനനം ചെയ്യപ്പെടേണ്ടതാണ് . നമ്മള്‍ പുണ്യം നേടാനായി പാരായണം ചെയ്യുമ്പോള്‍ അദ്ദേഹം രാമായണം പഠിച്ച് രാമായണതത്ത്വങ്ങള്‍ മനസ്സിലാക്കുന്നു . അതാണ് വ്യത്യാസം . "
"മുത്തച്ഛാ ,ഇത് ഞങ്ങള്‍ മറക്കില്ല . "
"നന്മനിറഞ്ഞ മനസ്സ് ഉണ്ടായാല്‍ മതി. മറ്റെല്ലാ ഗുണങ്ങളും വന്നുചേരും . മനസ്സിലെ തിന്മയാകുന്ന ഇരുട്ടിനെ സച്ചിന്തകള്‍ കൊണ്ട് ഇല്ലാതാക്കുക . "
"നമ്മളെല്ലാം ഓര്‍ക്കേണ്ട തത്ത്വമാണത് . തല്ക്കാലം ക്രൌഞ്ചാരണ്യത്തിലേക്കുള്ള പാതയില്‍ രാമലക്ഷ്മണന്മാരെ വിടാം. നമുക്ക് നാളെ അവരോടൊപ്പം ചേരാം ."
"ശരി മുത്തച്ഛാ , നാളെ കാണാം ."
"നല്ലൊരു സദസ്സായി , മാഷേ . കോളേജില്‍ അദ്ധ്യാപികയാണെങ്കിലും ഇവിടെ ഒരു കുട്ടിയാകാന്‍ കഴിഞ്ഞു. "
"ഈ കുട്ടിയും പോകുന്നു കുട്ടാ . ഞാനെന്നും വരാം . നടത്തത്തിനിടയില്‍ ഒരു വിശ്രമം എന്നുകരുതിയാണ് വന്നത്. പക്ഷേ എല്ലാവരും ചേര്‍ന്നപ്പോള്‍ നല്ലൊരനുഭവമായി . എവിടെയും ഇങ്ങനെയാണ് . സഹൃദയരൊത്തുചേര്‍ന്നാല്‍ എല്ലാവര്‍ക്കും മനസ്സില്‍ ആഹ്ലാദമുണ്ടാകും. "


No comments:

Post a Comment