Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര.- ഭാഗം 2.

രാമായണത്തിലൂടെ  ഒരു യാത്ര.- ഭാഗം 2

"ഞങ്ങളെത്തി മുത്തച്ഛാ , ഇന്നേതുകഥയാണ് പറയാന്‍ പോകുന്നത് ?"
"ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിച്ച് ഭൂമിയിലും ആകാശത്തിലുമല്ലാതെ കഴിയേണ്ടിവന്ന ത്രിശങ്കുവിന്‍റെ കഥ കേട്ടിട്ടില്ലേ ?"
"ഞങ്ങള്‍ കേട്ടിട്ടുണ്ട്."
"ത്രിശങ്കുവിന്‍റെ പത്നി സത്പുത്രലാഭത്തിനായി വ്രതങ്ങളനുഷ്ഠിച്ചുവന്നിരുന്നു . ഒരുദിവസം സ്വപ്നത്തില്‍ ഒരാള്‍ വന്ന് ഒരു ഫലം കൊടുത്ത് രണ്ടാളുംകൂടി അതുഭക്ഷിച്ചാല്‍ ഉത്തമനായ പുത്രന്‍ ലഭിക്കുമെന്ന് അരുളിച്ചെയ്തു . ഞെട്ടിയുണര്‍ന്നപ്പോള്‍ അടുത്തുതന്നെ ഒരു ഫലം ഇരിക്കുന്നതുകണ്ടു . ഇത് ദൈവദത്തമാണെന്ന് മനസ്സിലാക്കി അവര്‍ ഫലം ഭക്ഷിച്ചു. യഥാകാലം സര്‍വ്വഗുണസമ്പന്നനായ ഒരു പുത്രന്‍ അവര്‍ക്ക് ജനിച്ചു. അവര്‍ അവന് അംബരീഷന്‍ എന്ന് പേരിട്ടു."
"ഏകാദശിമാഹാത്മ്യത്തില്‍ പറയുന്ന അംബരീഷന്‍ , അല്ലേ ?"
"അതെ, വിഷ്ണുഭക്തനായ ആ അംബരീഷന്‍ തന്നെ."
"കഥ പറയൂ മുത്തച്ഛാ " അപ്പുവിന് കഥ കേള്‍ക്കാന്‍ തിടുക്കമായി .
"യൌവ്വനയുക്തനായ അംബരീഷനെ യുവരാജാവായി അഭിഷേകം ചെയ്തെങ്കിലും രാജ്യകാര്യങ്ങളിലായിരുന്നില്ല , തപസ്സനുഷ്ഠിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താല്‍പര്യം. രാജ്യഭരണം മന്ത്രിമാരെ ഏല്പിച്ച് അദ്ദേഹം മഹാവിഷ്ണുവിനെ ധ്യാനിച്ച് ഉഗ്രതപസ്സനുഷ്ഠിച്ചു . മഹാവിഷ്ണു പ്രജാക്ഷേമതല്‍പരനായ രാജാവായി വളരെക്കാലം രാജ്യപാലനം ചെയ്യാന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു . തന്‍റെ സുദര്‍ശനം ഏതാപത്തില്‍നിന്നും അദ്ദേഹത്തെ രക്ഷിക്കുമെന്നുള്ള വരവും മഹാവിഷ്ണു നല്കി. അശ്വമേധ -വാജപേയയജ്ഞങ്ങള്‍ നടത്തി അദ്ദേഹം പ്രജാക്ഷേമം ലക്ഷ്യമാക്കി രാജ്യം ഭരിച്ചു."
"അശ്വമേധ -വാജപേയയജ്ഞങ്ങള്‍ എന്താണ് ?"
"രാജ്യത്തിന്‍റെ ഐശ്വര്യം വര്‍ദ്ധിക്കാനായി നടത്തുന്ന യാഗങ്ങളാണ് . ഒപ്പം രാജ്യത്തിന്‍റെ വിസ്തൃതി വര്‍ദ്ധിക്കുകയും ചെയ്യും."
"യാഗം നടത്തിയാലെങ്ങനെയാണ് വിസ്തൃതി വര്‍ദ്ധിക്കുക ?"
"യാഗാശ്വത്തെ അഴിച്ചുവിടും. അത് പോകുന്ന വഴിയിലുള്ള രാജ്യങ്ങളൊക്കെ യാഗം നടത്തുന്ന രാജാവിന്‍റേതാകും . കുതിരയെ തടഞ്ഞുനിറുത്തിയാല്‍ അവരോട് യുദ്ധംചെയ്ത് രാജ്യം കൈക്കലാക്കും.."
"തോറ്റാലോ ?"
"തോറ്റാല്‍ യാഗം നടത്താന്‍ പാടില്ല."
"മുത്തച്ഛാ , കഥ..."
"നമുക്ക് കഥ തുടരാം. അംബരീഷന് സര്‍വ്വഗുണസമ്പന്നയായ ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ശ്രീമതി എന്നുപേരിട്ടു . അവള്‍ക്ക് വിവാഹപ്രായമെത്തിയപ്പോള്‍ സ്വയം‍വരം നടത്താന്‍ തീരുമാനമായി. അപ്പോഴാണ് മഹാതേജസ്വിയായ പര്‍വ്വതമുനിയും നാരദമഹര്‍ഷിയും അവിടെയെത്തിയത് . രണ്ടുപേരും രാജാവിനോട് രഹസ്യമായി കന്യകയെ ദാനംചെയ്യാന്‍ ആവശ്യപ്പെട്ടു . രാജാവ് രണ്ടുപേരെയും വിളിച്ച് രണ്ടുപേര്‍ക്കും ഒരു പെണ്‍കുട്ടിയെ കൊടുക്കുവാന്‍ കഴിയില്ലെന്നതിനാല്‍ അവരോട് സ്വയം‍വരത്തിന് വരാനും കന്യക തെരഞ്ഞെടുക്കുന്നയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാമെന്നും പറഞ്ഞു ."
"ഇഷ്ടപ്പെട്ട രാജാവിന്‍റെ കഴുത്തില്‍ ഹാരമണിയിച്ച് ഭര്‍ത്താവായി സ്വീകരിക്കുന്ന തല്ലേ സ്വയം‍വരം?"
"അതെ, രണ്ടുപേര്‍ക്കും ശ്രീമതിയെ ഭാര്യയാക്കണമെന്ന ആശയുണ്ട് . നാരദന്‍ മഹാവിഷ്ണുവിന്‍റെയടുത്തുചെന്ന് സ്വയം‍വരസമയത്ത് പര്‍വ്വതമുനിയുടെ മുഖം ശ്രീമതിക്ക് വാനരമുഖമായി തോന്നണമെന്ന് അപേക്ഷിച്ചു . അങ്ങനെയാകാമെന്നും പര്‍വ്വതമുനി ഇതറിയരുതെന്നും വിഷ്ണു പറഞ്ഞു . വരവും നല്കി. വിഷ്ണുഭക്തനായ പര്‍വ്വതമുനിയും ഇതേ ആവശ്യവുമായി വിഷ്ണുവിനെ സമീപിച്ചു. നാരദരുടെ മുഖം വാനരമുഖമായി ശ്രീമതിക്ക് കാണപ്പെടണം എന്നായിരുന്നു ആവശ്യം . നാരദര്‍ ഇതറിയരുതെന്നുള്ള മുന്നറിയിപ്പോടുകൂടി അങ്ങനെയാകാമെന്ന് മഹാവിഷ്ണു സമ്മതിച്ചു . സ്വയം‍വരസമയമായപ്പോള്‍ അംബരീഷന്‍ പുത്രിയെ അണിയിച്ചൊരുക്കി സ്വയം‍വരപ്പന്തലിലേക്കാനയിച്ചു . രണ്ടുമഹര്‍ഷിമാരില്‍ ഇഷ്ടമുള്ളവരെ വരിക്കാന്‍ രാജാവ് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മഹര്‍ഷിമാരെ കാണുന്നില്ലെന്ന് പറഞ്ഞു. രണ്ടുവാനരന്മാരെ മാത്രമേ കാണുന്നുള്ളൂവെന്നും അവരുടെ മദ്ധ്യത്തില്‍ കറുത്തവനെങ്കിലും ആജാനബാഹുവായ ഒരു യുവകോമളന്‍ നില്ക്കുന്നുണ്ടെന്നും പറഞ്ഞു . അദ്ദേഹത്തിന്‍റെ പുഞ്ചിരി തന്നെ ആകര്‍ഷിക്കുന്നുവെന്നുപറഞ്ഞ ശ്രീമതി അദ്ദേഹത്തെ വരിച്ചു. പിന്നീട് അദ്ദേഹത്തെയോ ശ്രീമതിയെയോ ആരും കണ്ടില്ല ."
"അവര്‍ അപ്രത്യക്ഷരായെന്നാണോ ?"
"പെട്ടെന്ന് കാണാതായി എന്നാല്‍ അതാണല്ലോ മനസ്സിലാക്കേണ്ടത് . ചതുര്‍ബാഹുവായ വിഷ്ണു സാധാരണമനുഷ്യവേഷത്തില്‍ വന്ന് തങ്ങളെ ചതിച്ചതാണെന്ന് മഹര്‍ഷിമാര്‍ക്ക് മനസ്സിലായി . അവര്‍ വിഷ്ണുവിനെ സമീപിച്ചു. പെണ്ണിനെ കട്ടത് ഏതോ മായാവിയാകും എന്ന് വിഷ്ണു അവരോടുപറഞ്ഞു . തങ്ങള്‍ക്ക് വാനരമുഖം നല്കിയതിനെക്കുറിച്ചുചോദിച്ചപ്പോള്‍ അതുതാന്‍ ചെയ്തതാണെന്ന് വിഷ്ണു സമ്മതിച്ചു. തങ്ങളുടെ മുഖം മനോഹരമാകണമെന്ന് ആരും ആവശ്യപ്പെട്ടില്ല . നാരദരുടെ മുഖം വാനരമുഖമാക്കണമെന്ന് പര്‍വ്വതമുനിയും പര്‍വ്വതമുനിയുടെ മുഖം വാനരമുഖമാക്കണമെന്ന് നാരദരും ആവശ്യപ്പെട്ടു. രണ്ടുഭക്തരുടെയും ആവശ്യം നിറവേറ്റിയതാണെന്ന് വിഷ്ണു പറഞ്ഞു ."
"തനിക്ക് നല്ലതുവരണമെന്നല്ലാതെ അന്യന് ദോഷം വരണമെന്ന് പ്രാര്‍ത്ഥിച്ചവര്‍ക്ക് നേരിട്ട ഫലം ഇതാണ് , അല്ലേ മുത്തച്ഛാ ?"
"എല്ലാവരും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനാണല്ലോ ഇങ്ങനെയുള്ള കഥകളൊക്കെ കേള്‍ക്കുന്നത് . "
"പിന്നീടെന്തുണ്ടായി ?"
"രണ്ടുമഹര്‍ഷിമാരും അംബരീഷന്‍റെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയി . തങ്ങളെ ക്ഷണിച്ചുവരുത്തി മറ്റാര്‍ക്കോ മകളെ കൊടുത്ത് അപമാനിച്ചതിന് അവര്‍ അദ്ദേഹത്തെ ശപിക്കാന്‍ തുടങ്ങി. പെട്ടെന്ന് അവിടെ അന്ധകാരം വ്യാപിച്ചു. അപ്പോള്‍ സുദര്‍ശനം അവിടെ പ്രത്യക്ഷപ്പെട്ട് തമസ്സകറ്റിയശേഷം മുനിമാരുടെനേരെ വരാന്‍ തുടങ്ങി . അവര്‍ ഓടുംതോറും ചക്രം അവരെ പിന്തുടരാന്‍ തുടങ്ങി. അവര്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹര്‍ഷിമാരെപ്പോലെത്തന്നെ അംബരീഷനും തന്‍റെ ഭക്തനാണെന്നും അദ്ദേഹത്തിന് അധര്‍മ്മത്തിനെതിരെ ചക്രത്തിന്‍റെ രക്ഷ വരദാനം ചെയ്തിട്ടുണ്ടെന്നും വിഷ്ണു അവരെ പറഞ്ഞുമനസ്സിലാക്കി . ഇതെല്ലാം വിഷ്ണുവിന്‍റെ മായയാണെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാര്‍ വിഷ്ണുവിനെ ശപിച്ചു. 'അംബരീഷന്‍റെ കൊട്ടാരത്തില്‍ കള്ളവേഷം‍‍കെട്ടിവന്ന അങ്ങ് ആ വേഷത്തില്‍ത്തന്നെ അംബരീഷന്‍റെ കുലത്തില്‍ മനുഷ്യനായി ജനിക്കും . കളവിന് കൂട്ടുനിന്ന ശ്രീമതിയും പൃഥ്വിയുടെ മകളായി മനുഷ്യസ്ത്രീയായി പിറക്കും. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വധുവിനെ തട്ടിക്കൊണ്ടുപോയ അങ്ങയുടെ പത്നിയെ കപടവേഷധാരിയായ രാക്ഷസന്‍ തട്ടിയെടുക്കും. അങ്ങ് ദുഃഖിച്ച് വാവിട്ടുകരഞ്ഞ് അലഞ്ഞുനടക്കും .' ഇതായിരുന്നു ശാപം."
"ഇതുകേട്ട് മഹാവിഷ്ണു കോപത്താല്‍ മഹര്‍ഷിമാരെ ശപിച്ചിട്ടുണ്ടാകും , അല്ലേ മുത്തച്ഛാ ."
"ഇല്ല. ഇതുകേട്ട വിഷ്ണു ഒരു പുഞ്ചിരിയോടെ മുനിമാരുടെ ശാപം നിഷ്ഫലമാകില്ലെന്ന് പറഞ്ഞു . അംബരീഷന്‍റെ വംശത്തില്‍ പിറക്കുന്ന ദശരഥമഹാരാജാവിന്‍റെ മൂത്തപുത്രനായി താന്‍ ജനിക്കുമെന്നും രണ്ടുകൈകളെന്നപോലെ സഹോദരങ്ങളായി ഭരതനും ശത്രുഘ്നനും ജനിക്കുമെന്നും തനിക്ക് ശയ്യയൊരുക്കുന്ന ആദിശേഷന്‍ ലക്ഷ്മണനായി ജനിക്കുമെന്നും വിഷ്ണുഭഗവാന്‍ അറിയിച്ചു. ശ്രീമതി പൃഥ്വീദേവിയുടെ മകളായി ജനിച്ച് ജനകമഹാരാജാവിനാല്‍ പരിപാലിക്കപ്പെട്ട് ശ്രീരാമന്‍റെ ഭാര്യയായിത്തീരുമെന്നും വിഷ്ണു അറിയിച്ചു. ചക്രത്തിനോട് അംബരീഷന്‍റെയടുത്ത് സ്ഥിതിചെയ്യാനും മുനിശാപം തീരുമ്പോള്‍ തന്‍റെയൊപ്പം വന്നുചേരാനും നിര്‍ദ്ദേശിച്ചു . ഇതാണ് രാമന്‍റെ പൂര്‍വ്വകഥ . "
"ഈ കഥ രാമായണത്തിലുണ്ടോ ?"
"വാല്മീകിയുടെ ശിഷ്യനായ ഭരദ്വാജമുനി ക്ക് ഗുരുനാഥന്‍ വാല്മീകി പറഞ്ഞുകൊടുത്തതാണീ കഥ. ഇത് അത്ഭുതരാമായണം എന്നറിയപ്പെടുന്നു . "
"ശ്രീരാമന്‍റെ പൂര്‍വ്വജന്മകഥ രസകരമായി."


"ഈ കഥ അല്പം വ്യത്യാസത്തോടെ മറ്റൊരിടത്തും കാണാം."
"അതെവിടെയാണ് ?"
"ശിവപുരാണത്തില്‍ ചില വ്യത്യാസങ്ങളോടെ ഈ കഥയുണ്ട് ."
"അത് പറഞ്ഞുതരാമോ മുത്തച്ഛാ ?"
"നേരം കുറെയായില്ലേ . നമുക്കിനി നാളെ തുടരാം ."


No comments:

Post a Comment