Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം . 5.


രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം . 5
പാചകം വളരെ ഇഷ്ടമാണ്. പഞ്ചാബി ആലൂഗോഭി ഉണ്ടാക്കാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ചെന്ന വിവരം പറയാനെന്നപോലെ ഭാര്യ പൊട്ടിവീണത്. "എത്രനേരമായി ഇതുണ്ടാക്കാന്‍ പറഞ്ഞു തുടങ്ങീട്ട്. നേരമാകട്ടെയെന്നു പറഞ്ഞ് വൈകിച്ചു. ദേ ആ പിള്ളേര് വരുന്നുണ്ട്."
"അവരോട് ഇങ്ങോട്ടുവരാന്‍ പറഞ്ഞോളൂ. അവര്‍ അടുക്കളയില്‍ ഇരിക്കട്ടെ."
കുട്ടികള്‍ക്ക് എവിടെയായാലും വിരോധമില്ല. കഥകേള്‍ക്കണമെന്നേയുള്ളു.
"ഞങ്ങളെത്തി, മുത്തച്ഛാ."
"ആരാ പുതിയ ഒരാള്‍ ?"
"അത് ഗായത്രിയുടെ അടുത്തവീട്ടില്‍ പുതിയതായി വാടകയ്ക്ക് താമസിക്കാന്‍ വന്നവരാ. മുത്തച്ഛന്‍റെ കഥയെക്കുറിച്ച് കേട്ടപ്പോള്‍ വരട്ടേയെന്ന് ചോദിച്ചു."
"അതിനെന്താ. വളരെ സന്തോഷം. മോളുടെ പേരെന്താ?"
"ഗീത. ഞാന്‍ ഇവരുടെ സ്കൂളില്‍ത്തന്നെയാണ് . എട്ടിലാണ് പഠിക്കുന്നത്."
"ഇന്നലെവരെ പറഞ്ഞുതന്ന കഥകളൊക്കെ ഞങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഇന്നേതുകഥയാണ് മുത്തച്ഛന്‍ പറഞ്ഞുതരുന്നത് ?"
"ഇന്ന് നമുക്ക് അയോദ്ധ്യയിലേക്ക് പോയാലോ"
"ഞങ്ങള്‍ അവിടെയെത്തിക്കഴിഞ്ഞു . മുത്തച്ഛന്‍ തുടങ്ങിക്കോളൂ"
"ആ ഫ്ലവറെവിടെ"
"ഏതുപൂവാണ് വേണ്ടത് ? ഞങ്ങള്‍ കൊണ്ടുവന്നുതരാം."
"ഞാനന്‍റെ ഭാര്യയോട് ചോദിച്ചതാണ് മക്കളെ. മസാലയുണ്ടാക്കാന്‍ തിളച്ചവെള്ളത്തില്‍ കോളിഫ്ലവര്‍ ഇട്ടിട്ടുണ്ടായിരുന്നു."
"അതാ മുന്നില്‍ത്തന്നെയിരിക്കുന്നു".
"ഞാന്‍ ഇളക്കണോ മുത്തച്ഛാ?"
"അധികം ഇളക്കല്ലേ "
"കഥ..."

"ദശരഥമഹാരാജാവിന് അനന്തരാവകാശികളില്ല. അശ്വമേധം നടത്തിയാല്‍ സന്താനലാഭം ഉണ്ടാകുമെന്ന വിശ്വാസത്താല്‍ യജ്ഞം നടത്താന്‍ രാജാവ് തീരുമാനിച്ചു. അദ്ദേഹം അത് ആരെക്കൊണ്ടുചെയ്യിക്കുമെന്ന ആലോചനയിലായി."
"ഋഷിമാരല്ലേ യാഗം നടത്തുക?"
"അതേ, മഹാബുദ്ധിമാനായ മന്ത്രി സുമന്ത്രരാണ് അതിന് മാര്‍ഗ്ഗമുപദേശിച്ചത്. ഋഷ്യശൃംഗനാണ് യജ്ഞം നടത്താന്‍ നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു.
ബ്രഹ്മര്‍ഷിശ്രേഷ്ഠനായ കാശ്യപന്‍റെ പുത്രനായ വിഭാണ്ഡകന്‍റെ പുത്രനാണ് ഋഷ്യശൃംഗന്‍. പിതാവിനെയല്ലാതെ മറ്റൊരു മനുഷ്യനെ കാണാതെ വളര്‍ന്നവനാണ് മുനികുമാരന്‍."
"വലിയ ജ്ഞാനിയല്ലേ?"
"വേദപണ്ഡിതനാണ്. പക്ഷേ കാടിനപ്പുറത്തുള്ള ലോകം കണ്ടിട്ടില്ല. അതിനെക്കുറിച്ചൊന്നും പഠിപ്പിച്ചിട്ടുമില്ല."
"അദ്ദേഹത്തെ കൊണ്ടുവരാന്‍ കാട്ടില്‍ പോകണ്ടേ?"
" വേണ്ടാ. അതിനൊരു കാരണമുണ്ട്. അംഗരാജ്യം ഭരിക്കുന്ന ലോമപാദന്‍റെ ദുഷ്ടതകളുടെ ഫലമായി അവിടെ വര്‍ഷങ്ങളോളം മഴയില്ലാതെ കഷ്ടപ്പെട്ടു. പശ്ചാത്താപവിവശനായ രാജാവ് മഹര്‍ഷിമാരുടെ ഉപദേശം തേടി. ഋഷ്യശൃംഗനെ വരുത്തി യജ്ഞം ചെയ്യിച്ചാല്‍ ഫലം കാണുമെന്നവരുപദേശിച്ചു. പക്ഷേ വിഭാണ്ഡകന്‍റെയോ ഋഷ്യശൃംഗന്‍റെയോ അനുവാദമില്ലാതെ ആ ആശ്രമപരിസരത്ത് കാലുകുത്താന്‍ പറ്റില്ല. സ്ത്രീകളെ കാണാത്ത ഋഷ്യശൃംഗനെ എന്തുപായം പ്രയോഗിച്ചും തട്ടിക്കൊണ്ടുവരുവാന്‍ രാജാവ് പ്രഗത്ഭരായ വേശ്യാസ്ത്രീകളെ ഏര്‍പ്പാടാക്കി. അവര്‍ ഋഷികുമാരന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഋഷ്യശൃംഗന്‍റെ അനുവാദത്തോടെത്തന്നെ ആശ്രമത്തില്‍ പ്രവേശിച്ചു. അവര്‍ കൊണ്ടുപോയ മധുരപലഹാരങ്ങള്‍ അവരുടെ ആശ്രമപരിസരത്തുള്ള വൃക്ഷങ്ങളുടെ ഫലങ്ങളാണെന്നുപറഞ്ഞ് ഭക്ഷിക്കാന്‍ കൊടുത്തു. അച്ഛനെയൊഴികെ ഒരു മനുഷ്യനെയും കാണാത്ത, ഫലമൂലാദികളല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത മുനികുമാരനെ പറഞ്ഞുപറ്റിക്കാന്‍ എളുപ്പമായിരുന്നു. വശീകരണതന്ത്രങ്ങളില്‍ മികച്ചുനിന്നിരുന്ന പെണ്‍കുട്ടികള്‍ പലമാര്‍ഗ്ഗങ്ങളുമുപയോഗിച്ച് പഞ്ചാഗ്നിമദ്ധ്യത്തില്‍ തപസ്സുചെയ്തിരുന്ന മുനികുമാരനെ തട്ടിക്കൊണ്ടുവന്നു. "
"എന്നിട്ട് മഴപെയ്തോ?"
"അദ്ദേഹം യജ്ഞം നടത്തിയപ്പോള്‍ ഘോരമായി മഴപെയ്തു. യജ്ഞാനന്തരം രാജാവ് പുത്രി ശാന്തയെ വിവാഹം കഴിച്ചുകൊടുത്തു. "
"അപ്പോള്‍ അംഗരാജ്യത്തുപോയാല്‍ മുനികുമാരനെ കൊണ്ടുവരാം , അല്ലേ?'
"അതിനായി മഹാമുനി വസിഷ്ഠന്‍റെ അനുഗ്രഹത്തോടെ ദശരഥന്‍ പരിവാരസമേതം അംഗരാജ്യത്തെത്തി. രാജാവിനോട് മകളെയും ജാമാതാവിനെയും തങ്ങളുടെ അതിഥിയായി കൂടെയയയ്ക്കണമെന്നഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് ലോമപാദന്‍ മകളെയും ഋത്വിക്കായ ഋഷ്യശൃംഗനെയും അയോദ്ധ്യയിലേക്കയച്ചു. "
"രാജാക്കന്മാര്‍ മക്കളെ അങ്ങനെ അന്യരാജ്യങ്ങളിലയയ്ക്കുമോ?"
"സുഹൃദ്രാജ്യങ്ങളാകുമ്പോള്‍ ചിലപ്പോള്‍ അയച്ചേക്കാം. ദശരഥന്‍ ആവശ്യപ്പെട്ടാല്‍ ലോമപാദന്‍ മകളെ കൂടെ അയയ്ക്കും. അതിനൊരു കാരണമുണ്ട് " .
"അതെന്താ മുത്തച്ഛാ?"
"അത് അവസാനം പറയാം. അവര്‍ അയോദ്ധ്യയില്‍ വന്ന് കുറച്ചുകാലത്തിനുശേഷം ദശരഥന്‍ മുനിയോട് പുത്രലാഭത്തിനായി താന്‍ അശ്വമേധം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും വിധിയാം‍വണ്ണം അത് നടത്തിത്തരണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതിനുസമ്മതിക്കുകയും ചെയ്തു. സരയൂനദിയുടെ വടക്കേക്കരയില്‍ വിധിപ്രകാരമുള്ള യാഗശാലയൊരുങ്ങി. പ്രമുഖരെയെല്ലാം വേണ്ടവിധം ആദരിച്ചാനയിച്ചു.
യാഗം കുറ്റമറ്റരീതിയില്‍ നടന്നു. നാടിന്‍റെ ഐശ്വര്യം വര്‍ദ്ധിച്ചു. ഇനി അഥര്‍വ്വവേദപ്രോക്തങ്ങളായ മന്ത്രങ്ങളാല്‍ പുത്രകാമേഷ്ടി നടത്തണമെന്ന് ഋഷ്യശൃംഗന്‍ രാജാവിനോട് നിര്‍ദ്ദേശിച്ചു."
" എന്താ മുത്തച്ഛാ പുത്രകാമേഷ്ടി?"
" പുത്ര കാമ ഇഷ്ടി. കാമം എന്നാല്‍ ആഗ്രഹം, ഇഷ്ടം എന്നൊക്കെ അര്‍ത്ഥമുണ്ട്. ഇഷ്ടി എന്നാല്‍ യാഗം. പുത്രനെ കാമിച്ചുകൊണ്ടുള്ള ഇഷ്ടി. അതായത് പുത്രനെ ആഗ്രഹിച്ച് നടത്തുന്ന ഇഷ്ടി. അതാണ് പുത്രകാമേഷ്ടി. അതുനടത്തണമെന്നും ഉത്തമന്മാരായ നാലുപുത്രന്മാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പുത്രകാമേഷ്ടി തുടങ്ങി."
"അതും ഋഷ്യശൃംഗനാണോ നടത്തുന്നത്?"
"അതേ, ഇതിനിടയില്‍ നമുക്ക് മറ്റൊരിടത്തേക്കുപോകാം. രാവണനെക്കൊണ്ടുള്ള ശല്യം സഹിക്കാനാവാതെ ദേവകള്‍ ബ്രഹ്മാവിനെ സമീപിച്ചു."
"ശിവനെയും വിഷ്ണുവിനെയും കാണാതെ ബ്രഹ്മാവിനെ കാണാന്‍ പോയതെന്തേ?" "ബ്രഹ്മാവാണല്ലോ വരം കൊടുത്തത്. അദ്ദേഹം ഒരു മാര്‍ഗ്ഗം പറഞ്ഞു. യക്ഷഗന്ധര്‍വ്വദേവാസുരന്മാരില്‍നിന്ന് മരണം സംഭവിക്കരുതെന്നേ രാവണന്‍ ആവശ്യപ്പെട്ടിട്ടുള്ളു. ദുര്‍ബ്ബലനായ മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവജ്ഞകൊണ്ടാകാം മനുഷ്യനില്‍നിന്ന് മരണം സംഭവിക്കാന്‍ പാടില്ലെന്ന വരം ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് മനുഷ്യനുമാത്രമേ രാക്ഷസരാജാവിനെ നശിപ്പിക്കാനാകൂ. ഇതാണ് ബ്രഹ്മാവ് അറിയിച്ചത്. അതിനെന്തുചെയ്യണം എന്നുചോദിച്ച് ദേവകള്‍ വിഷ്ണുവിനെ സമീപിച്ചപ്പോള്‍ താന്‍ മനുഷ്യനായി അവതരിക്കാമെന്നും രാക്ഷസന്‍റെ ശല്യം തീര്‍ക്കാമെന്നും പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. മനുഷ്യനായി പിറക്കാന്‍ തനിക്കുകിട്ടിയ ശാപം നന്മചെയ്തുകൊണ്ട് അനുഗ്രഹമാക്കാന്‍ മഹാവിഷ്ണു മനസ്സിലുറപ്പിച്ചിരുന്നു."
"പുത്രകാമേഷ്ടി യാഗം അവിടെ കഴിഞ്ഞിട്ടുണ്ടാകുമോ, ആവോ"
"ഇതിനി വാങ്ങിവച്ചോളൂ"
"മുത്തച്ഛനെന്താ പറയുന്നത്?"
"! അത് നിങ്ങളോടല്ല. കറി ഉണ്ടാക്കിക്കഴിഞ്ഞുവെന്ന് പറഞ്ഞതാണ്. എന്നാല്‍ നമുക്ക് അയോദ്ധ്യയിലെന്തായെന്ന് നോക്കാം. ഹോമകുണ്ഡത്തില്‍നിന്ന് ചെമന്നവസ്ത്രം ധരിച്ച കറുത്തശരീരവും ചെമന്നമുഖവുമുള്ള ഒരു ഭീമാകാരന്‍ പുറത്തുവന്നു. കൈയിലുള്ള സ്വര്‍ണ്ണപ്പാത്രം മഹാരാജാവിനുകൊടുത്ത് അതിലെ ദേവദത്തമായ പായസം ഭാര്യമാര്‍ക്കുകൊടുക്കാന്‍ പറഞ്ഞു. മഹാരാജാവ് അത് കൈകേയിക്കും കൌസല്യയ്ക്കുമായി പകുത്തുകൊടുത്തു. പെട്ടെന്നാണ് സുമിത്രയുടെ കാര്യം ഓര്‍മ്മവന്നത്. രണ്ടുപേരും തങ്ങള്‍ക്കുകിട്ടിയതില്‍ പകുതിവീതം സുമിത്രയ്ക്ക് കൊടുത്തു."
"അപ്പോള്‍ രാജാവിനത് വേണ്ടേ?"
"ഭാര്യമാര്‍ക്കുകൊടുക്കാനല്ലേ നിര്‍ദ്ദേശം . രാജാവ് എല്ലാവര്‍ക്കും ദക്ഷിണയും ദാനവും നല്കി സന്തുഷ്ടരാക്കി ആദരിച്ചയച്ചു. രാജ്ഞിമാര്‍ യഥാകാലം പ്രസവിച്ചു.കൈകേയിയുടെ പുത്രന് ഭരതന്‍ എന്നും കൌസല്യയുടെ പുത്രന് രാമന്‍ എന്നും പേരിട്ടു. സുമിത്രയ്ക്ക് ഇരട്ടക്കുട്ടികളാണുള്ളത്. അവര്‍ക്ക് ഭരതന്‍ എന്നും ശത്രുഘ്നന്‍ എന്നും പേരിട്ടു. എന്നാല്‍ ഇരട്ടക്കുട്ടികളായിരുന്നില്ല കൂട്ട്. കൈകേയിയുടെ പായസത്തിന്‍റെ പകുതിയും കൌസല്യയുടെ പായസത്തിന്‍റെ പകുതിയുംആണല്ലോ സുമിത്ര കഴിച്ചത്. കൌസല്യയുടെ ഒരുപുത്രന്‍ കൈകേയിയുടെ പുത്രന്‍റെയൊപ്പവും മറ്റേ പുത്രന്‍ കൌസല്യയുടെപുത്രന്‍റെയൊപ്പവുംആയിരുന്നു കൂട്ടുകൂടി നടന്നിരുന്നത്."
"അതറിയാം. രാമനും ലക്ഷ്മണനും തമ്മിലും ഭരതനും ശത്രുഘ്നനും തമ്മിലുമായിരുന്നു കൂട്ട്, അല്ലേ?".
"അതേ. ഇതാണ് രാമാവതാരകഥ. "
"ഒരുകാര്യം മുത്തച്ഛന്‍ അവസാനം പറയാനായി വച്ചിരുന്നു."
"മറന്നിട്ടില്ല. ആദ്യം കൌസല്യയെയായിരുന്നു ദശരഥന്‍ വിവാഹം കഴിച്ചത്. ഇതില്‍‍‍ ശാന്ത എന്ന പേരോടുകൂടിയ ഒരു പുത്രി ദശരഥനുണ്ടായിരുന്നു. അംഗരാജ്യാധിപനായ‌ ലോമപാദന്, പിന്നീട് ദത്തുപുത്രിയായി ശാന്തയെ കൊടുക്കുകയാണുണ്ടായത്. അംഗരാജ്യത്തില്‍‍ മഴ പെയ്യിച്ച ഋഷ്യശൃംഗന് ലോമപാദന്‍‍ ഈ ശാന്തയെ ആണ് വിവാഹം കഴിച്ചുകൊടുത്തത്."
"അങ്ങനെയൊരു കഥയുണ്ടല്ലേ" .

"നേരം സന്ധ്യയാകാറായി. വീടുകളിലേക്ക് പോകാന്‍ ഇനിയധികം വൈകിക്കണ്ട."
"ശരി മുത്തച്ഛാ, ഞങ്ങള്‍ നാളെവരാം."
"ഗീതമോളും നാളെ ഇവരുടെകൂടെ വന്നോളൂട്ടോ"
" ഞാനുമുണ്ടാകും രസകരമായ കഥകള്‍ കേള്‍ക്കാന്‍"
"ഇനി പോയിരുന്ന് പഠിക്കാനുള്ളതെല്ലാം നന്നായി പഠിക്കുക

No comments:

Post a Comment